ഓം
സദ്‌ഗുരവേ നമ:
ശ്രീ മഹാദേവർ ക്ഷേത്രം
ശാഖ നമ്പർ : 15437 ,
ദേവസ്വം ബോർഡ് ജംഗ്ഷൻ
തിരുവനന്തപുരം -3
ഫോൺ : 0471 - 2310885
തിരുവനന്തപുരം നഗരത്തിൽ കവടിയാർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ വിരാജിക്കുന്ന പ്രാചീനമായ അർദ്ധനാരീശ്വര ക്ഷേത്രമാണ് ഇക്കാണുന്നത് .തലമുറകൾ കൈമാറിവന്ന പവിത്രമായ ഇ ദേവസ്ഥാനം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ നാടിനും നാട്ടാർക്കും ഉത്തരോത്തരം അഭിവൃദ്ധി ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഈ പുണ്യഭൂമി ഇങ്ങനെ ശ്രദ്ധേയമായിത്തീർന്നതിന് കാരണങ്ങൾ അനേകമാണ്.
ശിവശക്തി മയമാണ് പ്രപഞ്ചം . അനാദ്യനന്തമെന്നു തോന്നിക്കുന്ന ഈ ലോകത്തിനു ഒരൊറ്റ ആധാരമേയുള്ളൂ . പരമാത്മാവ് അഥവാ ശിവൻ. പ്രപഞ്ചസൃഷ്ടിടിക്കും സ്ഥിതിക്കും സംഹാരത്തിനും വേണ്ടി അദ്ദേഹം രണ്ടു തത്വമായി പ്രവർത്തിക്കുന്നു. അതാണ് സച്ചിദാനന്ദ സ്വരൂപനായ ശിവനും അദ്ദേഹത്തിന്റെ ശക്തി സ്വരൂപമായ ദേവിയും . ശിവന്റെ ഇച്ഛക്കനുസരിച്ചു ലോകനാടകമാടുന്ന ചൈതന്യ പ്രവാഹമാണ് ആദിപരാശക്തി . ശിവനിൽ നിന്ന് ശക്തിയോ ശക്തിയിൽ നിന്ന് ശിവനോ വേറിട്ട് നിൽക്കുന്നില്ല . അവരെ രണ്ടായി കരുതുന്നതും ശരിയല്ല . ഒരു പകുതി പുരുഷനും മറു പകുതി സ്ത്രീയുമായുള്ള പരമ തത്വമാണിത്. അർദ്ധനാരീശ്വരനെന്നു അറിവുള്ളവർ പ്രസ്തുത പ്രപഞ്ച കാരണത്തെ വ്യവഹരിക്കുന്നു.
നമ: ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുർധരാഭ്യാം
നാഗേന്ദ്രകന്യാ വർഷകീത്തനാഭ്യാം
നമോ നമ: ശങ്കരപാർവതീഭ്യാം
മംഗള സ്വരൂപികളും നിത്യ നവയൗവനയുക്തരും അന്യോന്യാസ്ലിഷ്ട ശരീരത്തോട് കൂടിയവരും പർവതരാജ പുത്രിയും നന്ദി കൊടിയടയാളമായിട്ടുള്ളവനുമായ പാർവതി ശങ്കരൻമാർക്കു നമസ്കാരം. ശ്രീ ശങ്കര ഭഗവത് പാദർ രചിച്ച ഉമാമഹേശ്വര സ്തോത്രത്തിന്റെ തുടക്കമാണിത്. അർദ്ധനാരീശ്വരത്വത്തിന്റെ സമ്പൂർണ മഹിമയും അതിൽ ആവിഷ്‌കൃതമായിരിക്കുന്നു.
ഇക്കാര്യങ്ങൾ തിരിച്ചറിയുക പ്രയാസമുള്ള കാര്യമല്ല. നമ്മിലെല്ലാം നാമായിരിക്കുന്നതു ശിവപാർവതിമാരാണ്. ഉള്ളിന്റെ ഉള്ളിലെ ശുദ്ധ ബോധമാണ് ശിവൻ. സ്ഥൂല സൂഷ്‌മ കാരണ ശരീരങ്ങൾ ശക്തി സ്വരൂപിണിയായ പാർവതി അറ്റമുകൾ മുതൽ അണ്ഡകടാഹങ്ങൾ വരെ ഈ വിധമായ ശിവശക്തി യോഗമിരിക്കുന്നു. അവരുടെ പരസ്പര പൊരുത്തത്തിലാണ് വ്യക്തിയുടെയും പ്രപഞ്ചത്തിന്റെയും ആനന്ദമിരിക്കുന്നത്. അതിനു വേണ്ടി സമുചിതമായ ആചാരാനുഷ്ടാനങ്ങളും ഉപാസനാപദ്ധതികളും അഷ്ടാംഗയോഗവിദ്യയുമെല്ലാം ഋഷിമാർ ആയിരത്താണ്ടുകൾമുമ്പേ നടപ്പിലാക്കി. അക്കൂട്ടത്തിൽ പ്രമുഖമാണ് അർദ്ധനാരീശ്വര സങ്കല്പമിണങ്ങുന്ന ശിവാരാധന.
ലോക നന്മ വളർത്തുന്നതിന് വേണ്ടി ഭാരത സംസ്‌കൃതി വ്യാപിച്ച നാടുകളിലെല്ലാം ശിവക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു. ദേവസ്വം ബോർഡ് ജംഗ്ഷനിലുള്ള ഈ അർദ്ധനാരീശ്വര ക്ഷേത്രവും അക്കൂട്ടത്തിൽ പെടുന്നു. നൂറ്റാണ്ടുകളുടെയോ അയിരത്താണ്ടുകളുടെയോ പഴക്കമുള്ളതാണ് ഈ ക്ഷേത്രം. നാടിന്റെ ഐശ്വര്യ കേന്ദ്രമായി ഏവർക്കും അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് അക്കാലത്തു നിലനിന്നിരുന്നു. എന്നാൽ നൂറ്റാണ്ടുകൾ പലതു കഴിഞ്ഞപ്പോൾ ഈ അമ്പലം ക്രമേണ വിസ്‌മൃതിയിൽ പെട്ടു.ആരാധനയും അഭിഷേകവുമെല്ലാം മുടങ്ങി ഭൂമി പോലും നഷ്ടപ്രായമായി.
ഏവർക്കും മംഗളദായകമായി വിളങ്ങിയിരുന്ന ശിവപാർവതിക്ഷേത്രം ജീർണ്ണതയിൽ പെട്ടപ്പോൾ പലർക്കും ബഹുവിധ വിഷമസന്ധികൾ അനുഭവപ്പെട്ടു തുടങ്ങി . കഷ്ടപ്പാടുകളുടെ കാരണം ജ്യോതിഷികളിൽ നിന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞു . ആത്മസ്ഥാനത്തെ പുനരുദ്ധരിക്കുകയെന്ന മഹാകർമ്മത്തിലേക്ക് അത് സമൂഹത്തെ നയിച്ചു. ബഹുവിധമായ പ്രതിബന്ധങ്ങൾ അപ്പോഴും തടസ്സം സൃഷ്ട്ടിച്ചു . അതിനെയെല്ലാം ദൂരീകരിച്ചു ക്ഷേത്ര പുനരുദ്ധാരണത്തിന് ശക്തി പകരാൻ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമാധിപതി ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങൾ ഭക്തജനങ്ങളുടെ മുന്നണിയിൽ നിന്നു.
തന്ത്ര ശാസ്ത്ര വിധികൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ട് ക്ഷേത്രാരാധനക്ക് നേതൃത്വം നൽകുന്നത് കേരള ക്ഷേത്ര സംരക്ഷണ സമിതി ആണ്. തിരുവനന്തപുരം ജില്ലയിൽ ഷഢാധാര പ്രതിഷ്ടയുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം . എല്ലാ മലയാള മാസവും തിരുവാതിര നക്ഷത്രത്തിൽ വൈകുന്നേരം ക്ഷേത്ര സന്നിധിയിൽ ഐശ്വര്യ പൂജ നടക്കുന്നു .തൊഴിൽ തടസ്സം , മംഗല്യ ദോഷപരിഹാരം , ശത്രു ദോഷം , കുടുംബ ഐശ്വര്യം , വിദ്യാവിജയം തുടങ്ങിയ കാര്യങ്ങൾ സാധ്യമാകുന്നതിനു ഐശ്വര്യ പൂജയിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ് . കുട്ടികളുടെ ബാലാരിഷ്ടത മാറുന്നതിനും സന്താന ലബ്‌ധിക്കുമായി ഭഗവത് സന്നിധിയിൽ അടിമകിടത്തൽ ചടങ്ങ് എല്ലാ തിരുവാതിര നക്ഷത്രത്തിലും നടത്തുന്നതാണ് . ജാതകത്തിൽ ചൊവ്വയുടെ ശനിദോഷ പരിഹാരം വ്യാഴ പ്രീതി നേടുന്നതിനും വിശേഷകർമങ്ങൾ ക്ഷേത്രത്തിൽ ദിനംപ്രതി നടത്തുന്നതാണ് . ദൈനംദിന പൂജയും വിശേഷാനുഷ്ടാനങ്ങളും ഉത്സവാദികളും സാംസ്‌കാരിക പ്രവർത്തനങ്ങളും ഭക്തജന സഹകരണത്തോടെ ഇപ്പോൾ ഇവിടെ നല്ല രീതിയിൽ നടന്നു വരുന്നു . പാർവതി പരമേശ്വരന്മാരുടെ കാരുണ്യാഭി വർഷംഏവർക്കും കൈവരുന്നു . അതിനു തെളിവാണ് അനുദിനം ഇവിടെ ഏറിവരുന്ന ഭക്തജനതിരക്ക്.
ശുഭം